തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന് അനുവദിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രമേഹ രോഗ പഠനത്തിനും ഗവേഷണത്തിനുമായി രൂപീകൃതമായ വേൾഡ് ഇന്ത്യാ ഡയബറ്റിസ് ഫൗണ്ടേഷൻ എന്ന സംഘടനയുടേയും കേരള സർക്കാരിന്റേയും സംയുക്ത സംരംഭമായി പുലയനാർകോട്ടയിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് പിന്നീട് പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
സംസ്ഥാന സർക്കാർ ഇരുപത് കോടി രൂപയോളം മുടക്കി രണ്ടു കെട്ടിടം നിർമ്മിച്ച് ഒപി ബ്ലോക്കുകൾ നിർമിക്കുകയും മറ്റു ആശുപത്രി ഉപകരണങ്ങളും വാങ്ങുകയും ചെയ്തിരുന്നു. ഒരു നിശ്ചിത തുക ബഡ്ജറ്റ് വിഹിതമായി സംസ്ഥാന സർക്കാർ അനുവദിച്ച് നൽകി വരുന്നുണ്ട്. ഈ സാമ്പത്തിക വർഷം രണ്ടു കോടിയോളം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ദിവസവും മുന്നൂറോളം രോഗികൾ ചികിത്സയ്ക്ക് എത്തുന്നുണ്ട്, ഇവർക്ക് അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ചികിത്സ ഇവിടെ ലഭിക്കും. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് പ്രമേഹ രോഗത്തിന്റെ വ്യാപനം ആശങ്കയുളവാക്കുന്നതുമാണ്. നൂതന ചികിത്സാ മുറകളിലൂടെയും പുതിയ മരുന്നുകൾ ഉപയോഗിച്ചും അസുഖത്തിന്റെ തീവ്രത കുറക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രേമേഹ രോഗ നിവാരണത്തിനായി കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങൾക്കൊപ്പം കൂടുതൽ വിദഗ്ദ്ധരേയും ഉൾപ്പെടുത്തി ഗവേഷണത്തിനും പഠനത്തിനുമായുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രം സജ്ജമാക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഘടന, അതിന്റെ പ്രവർത്തനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് പഠനം നടത്തി ആവശ്യമായ ശുപാർശകൾ നൽകുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റിനെ ചുതമലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
