
ഇടവേളയ്ക്ക് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ നേടിയ വലിയ വിജയമായിരുന്നു സര്‍വ്വം മായയുടേത്. അഖില്‍ സത്യന് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമായിരുന്നെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്റിമെന്റ്സിലും പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. അതേസമയം ആദ്യ ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പും നടത്തി. ഇപ്പോഴിതാ തിയറ്ററുകളില്‍ ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഒടിടി റിലീസ് ഡേറ്റ് സംബന്ധിച്ച് നേരത്തെ എത്തിയിരുന്ന അനൗദ്യോഗിക ഡേറ്റുകളേക്കാള്‍ മുന്‍പേ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ എത്തുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജിയോ ഹോട്ട്സ്റ്റാറിന്റെ ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച് ചിത്രം ഈ മാസം 30 ന് സ്ട്രീമിംഗ് ആരംഭിക്കും. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണിത്. അദ്ദേഹത്തിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും.
ജനപ്രിയ ചിത്രം
പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന് നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നായിരുന്നു ചിത്രത്തിന് ലഭിച്ച മൗത്ത് പബ്ലിസിറ്റി. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്ക് ഉണ്ട്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. അതേസമയം നിവിന്‍ പോളിയുടെ പുതിയ ചിത്രം തിയറ്ററുകളില്‍ എത്തിയ ദിവസമാണ് ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയത് എന്നതും കൗതുകം.


