
മനാമ: ബഹ്റൈനില്‍ കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ച കേസില്‍ രണ്ടാനമ്മയ്ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.
പാക്കിസ്ഥാന് പൗരയായ 38കാരിയാണ് പ്രതി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് ഇരയായ 17കാരിയുടെ പിതാവിന്റെ രണ്ടാം ഭാര്യയാണിവര്‍. പ്രതി പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍നിന്ന് ബഹ്റൈനിലേക്ക് കൊണ്ടുവന്ന് ഒരു ഫ്ളാറ്റില്‍ പാര്‍പ്പിച്ച് സമൂഹമാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെ നിരവധി ആളുകളുടെ കൂടെ പെണ്‍കുട്ടിക്ക് കഴിയേണ്ടിവന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിദിനം ഏഴു വരെ ഇടപാടുകാര്‍ വന്നിരുന്നെന്നും ഓരോരുത്തരില്‍നിന്നും 10 മുതല്‍ 20 വരെ ദിനാര്‍ ഈടാക്കിയിരുന്നെന്നും അവര്‍ മൊഴി നല്കുകയുണ്ടായി.


