
കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ അനധികൃതമായി സഹായം ചെയ്യുന്നു എന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ സ്കൂളിലെ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
എം. സുലൈമാനെയാണ് സ്കൂള്‍ മനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും അദ്ധ്യാപകരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ചോര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്നുമാണ് സസ്പെന്‍ഡ് ചെയ്തതിന് കാരണായി പറയുന്നത്. കുട്ടികളെ അനധികൃതമായി സഹായിക്കാന്‍ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചിരുന്നു. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു ലഭിച്ച ആളില്ലാ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിനെതിരെ പ്രചാരണം നടക്കുന്നത്. പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ 9 വരെ സംശയനിവാരണത്തിനായി അദ്ധ്യാപകര്‍ സ്കൂളിലെത്താറുണ്ട്. ഇതിനെ വളച്ചൊടിച്ച് അനധികൃതമായി സഹായം ചെയ്യുന്നതായി പ്രചരിപ്പിക്കുകയായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
