ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ഇന്നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രം കാണാനായി തിയറ്ററിൽ എത്തിയ ശ്രീനിവാസന്റെ വിഡിയോ ആണ്. ആരോഗ്യവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ താരം എത്തുകയായിരുന്നു. സിനിമയുടെ പ്രിമിയർ ഷോ കാണാനാണ് ഭാര്യ വിമലയ്ക്കൊപ്പം ശ്രീനിവാസൻ തിയറ്ററിൽ എത്തിയത്. മൂടി പുതച്ച് വീൽ ചെയറിൽ തിയറ്ററിലേക്ക് പോകുന്ന ശ്രീനിവാസന്റെ വിഡിയോ ആണ് വൈറലാവുന്നത്. സിനിമ കണ്ടിറങ്ങിയ ശ്രീനിവാസനോട് മാധ്യമങ്ങൾ ചിത്രത്തിന്റെ അഭിപ്രായം തേടിയെങ്കിലും ശ്വാസം മുട്ടലിനെ തുടർന്ന് പ്രതികരിക്കാനാവില്ല എന്ന് വ്യക്തമാക്കുകയായിരുന്നു.
സംസാരിക്കാൻ ബുദ്ധിമുട്ടുന്ന ശ്രീനിവാസനെയാണ് വിഡിയോയിൽ കാണുന്നത്. നല്ല സിനിമയാണ് എന്നായിരുന്നു അമ്മ വിമലയുടെ പ്രതികരണം. ധ്യാൻ പഴയ ശ്രീനിവാസനെ പോലെയുണ്ടെന്ന് ആരാധകർ പറയുന്നുണ്ടല്ലോ എന്ന ചോദിച്ചപ്പോൾ തനിക്ക് അങ്ങനെ തോന്നിയില്ലെന്നും പറഞ്ഞു. ഏറെ നാളത്തെ ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസൻ കുറുക്കൻ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. വിനീത് ശ്രീനിവാസനൊപ്പം രസകരമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.