ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണസംഖ്യയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.
എല്ലാ അവശ്യ സേവനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെഹേലിയ രാംബുക്വെല്ല വ്യക്തമാക്കി. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 4 വരെ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പ്രവർത്തിക്കില്ല. 372,079 പേർക്കാണ് ശ്രീലങ്കയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,604 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി.