10 മണിക്കൂർ കൊണ്ട് മാളികപ്പുറം എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രം അരിമണികൾ ഉപയോഗിച്ച് വരച്ച് ശ്രീരാജ്. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വൈറലാകുകയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവച്ചത്.
നേരത്തെയും ഉണ്ണി മുകുന്ദനെ ഗോതമ്പ് കൊണ്ട് വരച്ചതിന് ശ്രീരാജ് പ്രശംസ നേടിയിരുന്നു. ഒരിക്കൽ ഉണ്ണി മുകുന്ദനെ നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചെന്ന് ശ്രീരാജ് പറഞ്ഞു. നേരത്തെ അരിമണിയിൽ വരച്ച പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രം പങ്കുവച്ചിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, വിജയ് സേതുപതി, മാധവൻ, സുരേഷ് ഗോപി, ജയസൂര്യ, ഫഹദ് ഫാസിൽ, ടൊവിനോ, വിക്രം തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ശ്രീരാജ് ഇപ്പോൾ സിനിമാ മേഖലയിൽ ആർട്ട് വർക്കുകൾ ചെയ്യുകയാണ്. സിനിമയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹം.