പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. കേസിൽ ഇതുവരെ ആറ് പ്രതികൾ പിടിയിലായിട്ടുണ്ട്. മൂന്നു ബൈക്കും ഒരു ഗുഡ്സ് ഓട്ടോയും പോലീസ് കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ നടന്ന കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാനപ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
അതേസമയം ഇന്നലെ അറസ്റ്റിലായ പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്. കൃത്യ നിർവ്വഹണത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച വാഹനങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ശംഖുവാരത്തോട് മസ്ജിദിലും പരിസരങ്ങളിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ അബ്ദുറഹ്മാന്റെ മൊബൈൽ ഫോൺ മസ്ജിദ് പരിസരത്ത് ഉപേക്ഷിച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ് മോർട്ടത്തിന്റെ സമയത്ത് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് ഒത്തുകൂടിയവർ ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഇവരിൽ നാല് പേർ ആദ്യം ശ്രീനിവാസിന്റെ കടയുടെ പരിസരത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് ശേഷം പ്രതികളെ വിവരം അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവർക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതും അറസ്റ്റിലായ പ്രതികളാണ്.