ടെൽ അവീവ്∙ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ രാജിവച്ച് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബെൻ ഗ്വിർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറിൽ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിൻവലിക്കുന്നുവെങ്കിലും സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കില്ലെന്നും ബെൻഗ്വിർ പറഞ്ഞു.