സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ചതുരം’. ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്.
ഇന്ന് രാത്രി 10 മണി മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ ചതുരം സ്ട്രീം ചെയ്യുമെന്ന് സ്വാസിക അറിയിച്ചു. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ അടുത്തിടെ പുതിയ ട്രെയിലർ പുറത്തിറക്കിയിരുന്നു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സിദ്ധാർത്ഥും വിനോയ് തോമസും ചേർന്നാണ്.
നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീൻ വിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനീത അജിത്ത്, ജോർജ് സാന്റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശാന്തി ബാലചന്ദ്രൻ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.