ന്യൂഡൽഹി: യാത്രക്കിടെ വിമാനത്തിനകത്ത് പുക ഉയർന്നതിനെ തുടർന്ന് പറന്നുയർന്ന് നാല് മിനിട്ടിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി. കൊൽക്കത്തയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ എസ്.ജി 275 നമ്പർ വിമാനമാണ് കാബിനിൽ തീ പടർന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തിരിച്ചിറക്കിയത്. 4.33നാണ് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഉടനടി തന്നെ കാബിനിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇക്കാര്യം പൈലറ്റ് എ.ടി.സി ഉദ്യോഗസ്ഥരെ അറിയിക്കുകയും പറന്നുയർന്ന് നാല് മിനിട്ടിനു ശേഷം വൈകുന്നേരം 4.37ന് വിമാനം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയുമായിരുന്നു.
ജോലിക്കാരും യാത്രക്കാരുമുൾപ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 69 പേരും സുരക്ഷിതരാണ്. പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്ര, സുരക്ഷ ഉപദേഷ്ടാവ് സുരജിത്ത് കർ പുർകയസ്ത്ര എന്നിവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിമാനത്തിനകത്ത് പുക ഉയർന്നതെന്തുകൊണ്ടാണെന്ന് എൻജിനീയറിങ് വിഭാഗം പരിശോധിച്ചു വരികയാണ്.