ചെന്നൈ: സംഗീതജ്ഞന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുമെന്ന് മകന് എസ്.പി ചരണ്‍. അദ്ദേഹത്തെ സംസ്കരിച്ച ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മിക്കാനാണ് കുടുംബം ആലോചിക്കുന്നത്. ഇതിനായി തമിഴ്നാട്,ആന്ധ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വിപുലമായ രൂപരേഖ തയ്യാറാക്കുമെന്നും എസ്.പി ചരണ്‍ പറഞ്ഞു.
സെപ്റ്റംബര്‍ 25ാം തീയതി ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ദീര്‍ഘനാളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74കാരനായ ഇദ്ദേഹം ഈ മാസം എട്ടിനു കൊവിഡ് മുക്തനായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തിലായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയറിലായിരുന്നു അദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്.
1946 ജൂണ്‍ നാലിനായിരുന്നു ജനനം. മലയാളത്തിലടക്കം 16 ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഇദ്ദേഹം. വിവിധ ഭാഷകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സിനിമാ നിര്‍മാതാവ്, ചില സിനിമകളില്‍ നടന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയതലത്തിലടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. സാവിത്രി ബാലസുബ്രഹ്മണ്യമാണ് ഭാര്യ. ഗായകന് എസ്.പി ചരണ്‍, പല്ലവി ബാലസുബ്രഹ്മണ്യം എന്നിവര്‍ മക്കളാണ്.