
മനാമ: ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണിന്റെ എട്ടാം പതിപ്പിനുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ളവരും ബഹ്റൈനികളും വിദേശികളുമായവരുമായ പ്രോഗ്രാമര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, കഥാകാരന്മാര്, സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, കലാകാരന്മാര്, ബഹിരാകാശ പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
ബഹ്റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സുമായി സഹകരിച്ച്, യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) മേല്‍നോട്ടത്തില്‍ ബി.എസ്.എയാണ് ഈ വാര്‍ഷിക അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്. ബഹ്റൈനില്‍ സാഖിറിലെ ബഹ്റൈന്‍ സര്‍വകലാശാല കാമ്പസിലും ഇസ ടൗണിലെ ബഹ്റൈന്‍ പോളിടെക്നിക് കാമ്പസിലുമാണ് ഒക്ടോബര്‍ 4 മുതല്‍ 5 വരെ ഇത് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിപ്പറയുന്ന വെബ്സൈറ്റുകളിലൊന്ന് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം:
ഇസ ടൗണ്‍:
https://www.spaceappschallenge.org/2025/local-events/isa-town/
സാഖിര്‍:
https://www.spaceappschallenge.org/2025/local-events/sakhir/
ലോകമെമ്പാടുമുള്ളവര്‍ക്ക് പങ്കെടുക്കാം. അവര്‍ ക്രിയേറ്റീവ് ടീമുകള്‍ രൂപീകരിക്കുകയും നാസയുടെ ഓപ്പണ്‍ ഡാറ്റ ഉപയോഗിച്ച് ബഹിരാകാശ വ്യവസായം നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ മത്സരിക്കുകയും ചെയ്യും. മത്സരിക്കുന്ന ടീമുകള്‍ 48 മണിക്കൂറിനുള്ളില്‍ അവരുടെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കണം. ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ അല്ലെങ്കില്‍ മറ്റ് സാങ്കേതിക പരിഹാരങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ബഹിരാകാശ ഡാറ്റ അവതരിപ്പിക്കുന്നതിന് നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹാക്കത്തോണിന്റെ ആശയം.
ഡാറ്റ ഉപയോഗം, സാങ്കേതിക പ്രയോഗം, പ്രാദേശിക സ്വാധീനം എന്നിവയിലെ പ്രകടനം അടിസ്ഥാനമാക്കി പങ്കെടുക്കുന്നവര്‍ ആറ് സമ്മാനങ്ങള്‍ക്കായി മത്സരിക്കും. നാസയുമായി സഹകരിച്ച് ബി.എസ്.എയാണ് ഈ സമ്മാനങ്ങള്‍ നല്‍കുന്നത്. കൂടാതെ നാസ നല്കുന്ന 10 സമ്മാനങ്ങള്‍ കൂടിയുണ്ട്. അവയ്ക്കും പങ്കെടുക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
ലോകമെമ്പാടുമുള്ള നഗരങ്ങളിലാണ് ഹാക്കത്തോണ്‍ നടക്കുന്നത്. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, സൗദി സ്പേസ് ഏജന്‍സി, ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി, ബ്രസീലിയന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി എന്നിവയുള്‍പ്പെടെ 15ലധികം സ്പേസ് ഏജന്‍സികള്‍ ഈ പതിപ്പില്‍ പങ്കെടുക്കും.
