
ടോക്കിയോ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ജപ്പാന് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹിരാകാശ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി (ജാക്സ) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ബഹ്റൈനു വേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ജപ്പാനു വേണ്ടി ജാക്സ പ്രസിഡന്റ് ഹിരോഷി യമകാവയുമാണ് കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികളുമായി പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിലൂടെയും അവരുടെ വൈദഗ്ധ്യത്തില്‍നിന്ന് പ്രയോജനം നേടുന്നതിലൂടെയും ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും ഈ ഈ മേഖലയില്‍ ദേശീയ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുമുള്ള ബഹ്റൈന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പറഞ്ഞു.


