എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’ ബോളിവുഡിലേക്ക് റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായുള്ള ചർച്ചകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോൾ റീമേക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. സുധ കൊങ്കര തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്. സൂര്യയുടെ ‘2 ഡി എന്റർടൈൻമെന്റു’മായി സഹകരിച്ച് വിക്രം മൽഹോത്രയുടെ ‘അബുണ്ടാന്റിയ എൻടി’യാണ് ചിത്രം ബോളിവുഡിൽ നിർമിക്കുന്നത്. ഹിന്ദി പതിപ്പിൽ ആരാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ അഭിനേതാക്കളേക്കുറിച്ചും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സൂര്യയും അപർണ ബാലമുരളിയുമാണ് ‘സൂരറൈ പോട്രിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ മോഹൻ ബാബു, കരുണാസ്, കാളി വെങ്കട്ട്, ഉർവശി തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു. തമിഴിൽ സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഓസ്കാർ നോമിനേഷൻ വരെയെത്തിയിരുന്നു.
