ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലെത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും സോണിയാ ഗാന്ധിക്കൊപ്പമുണ്ട്. കോൺഗ്രസ് എംപിമാർ സോണിയ ഗാന്ധിയെ കാൽനടയായി അനുഗമിക്കുന്നുണ്ട്. അഡീഷണൽ ഡയറക്ടർ ഉൾപ്പെടെ അഞ്ച് വനിതാ ഉദ്യോഗസ്ഥരുടെ സംഘം സോണിയയെ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിൽ ക്ഷീണം തോന്നിയാൽ സോണിയയെ വിശ്രമിക്കാൻ അനുവദിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
അതേസമയം സോണിയാ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ജയറാം രമേശ്, അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ ഡി ആസ്ഥാനത്തിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.