തിരുവനന്തപുരം: സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനില നിന്നെന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. താന്‍ ആരെയും വിളിച്ചിട്ടില്ല. ജോണ്‍ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനാസൃഷ്ടി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജോണ്‍ മുണ്ടക്കയം പറഞ്ഞതില്‍ പാതി സത്യമുണ്ട്. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചിരുന്നു. കൈരളി ഓഫീസില്‍ ഇരിക്കെ ചെറിയാന് ഫിലിപ്പിന്റെ ഫോണിലാണ് വിളിച്ചത്. അദ്ദേഹമാണ് ഫോണ്‍ തന്റെ കയ്യില്‍ തന്നത്. സര്‍ക്കാര്‍ ഏത് നിലയ്ക്കുള്ള ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അല്ലാതെ ജോണ്‍ മുണ്ടക്കയത്തെ ഞാന്‍ വിളിക്കുകയോ തിരുവഞ്ചൂരിനെ ഞാന്‍ വിളിക്കുകയോ ചെയ്ത സംഭവമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ജീവിക്കുന്ന ദൃക്സാക്ഷിയാണ് ചെറിയാന് ഫിലിപ്പ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറിയാന് ഫിലിപ്പിനെ നേരിട്ട് വിളിച്ച് അന്വേഷിക്കാവുന്നതാണ്. അന്നത്തെ കോള്‍ ലിസ്റ്റ് എടുത്താല്‍ കൃത്യമായ വിവരം ലഭിക്കും. പാര്‍ട്ടിയുടെ അറിവോടെ ഇന്ന് മുഖ്യമന്ത്രിയെ കണ്ടുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലെ വെളിപ്പെടുത്തലാണ് കേരളത്തില്‍ ചര്‍ച്ചയായത്. വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി ജോണ്‍ മുണ്ടക്കയത്തെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.