മനാമ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിൽ നികത്താൻ കഴിയാത്ത വേർപാടാണ് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. പ്രതിസന്ധിഘട്ടങ്ങളിൽ സൗമ്യതയോടെ സമൂഹത്തിന് നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. നിലപാടുകളിൽ കൃത്യതയും കാർക്കശ്യവും മുഖമുദ്രയാക്കിയപ്പോഴും സൗമ്യനും ശാന്തശീലനുമായ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. സ്വന്തം ആശയാദർശങ്ങളിൽ ഉറച്ച് നിന്ന് വിയോജിക്കുന്നവരെ കൂടി ഉൾക്കൊള്ളാനുള്ള അദ്ദേഹത്തിന്റെ മഹാമനസ്കത എല്ലാവർക്കും മാതൃകയാകേണ്ടതാണ്.
സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ – ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായത്. കേരളീയ നവോത്ഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും അനൽപമായ സംഭാവനകളർപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടു കൂടിയുള്ള നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായിരിക്കുന്നത് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
