തന്റെ പുതിയ ചിത്രമായ ‘പത്താനെ’തിരായ ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ സോഷ്യൽ മീഡിയയിലെ പ്രതിലോമകരമായ ഇടപെടലുകളെ കുറിച്ച് തുറന്നടിച്ച് ഷാരൂഖ് ഖാൻ. കൊൽക്കത്ത അന്തർ ദേശീയ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. ‘പത്താൻ’ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ട്വിറ്ററിൽ ഉയർന്ന ബഹിഷ്കരണ ആഹ്വാനത്തെക്കുറിച്ച് പരാമർശമൊന്നും നടത്താതെയായിരുന്നു കിംഗ് ഖാന്റെ പ്രതികരണം.
“സിനിമകളെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ കമന്റുകൾ ഇന്ന് വളരെ ജനശ്രദ്ധ ആകർഷിക്കുന്നതാണ്. വർത്തമാനകാലത്ത് നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നു. സോഷ്യൽ മീഡിയ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന പൊതു വിലയിരുത്തലിൽ നിന്ന് വ്യത്യസ്തമാണ് എന്റെ അഭിപ്രായം. ഇന്നത്തെ കാലത്ത് സിനിമയ്ക്ക് വളരെ വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്,” ഷാരൂഖ് ഖാൻ പറഞ്ഞു.