
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നതായി സമീപകാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരം 3,683 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന് കൈകാര്യം ചെയ്തത്. 2004ല്‍ 1,408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023നേക്കാള്‍ (1,314) ഏഴു ശതമാനം കൂടുതലാണിത്. 2022ല്‍ കേസുകള്‍ 961 മാത്രമായിരുന്നു.
അല്‍-അയാം ശേഖരിച്ച കണക്കുകള്‍ പ്രകാരം 2022 മുതലുള്ള 2,521 കേസുകളില്‍ ഏറ്റവുമധികം കേസുകള്‍ വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ടാണ്. 1,321 കേസുകള്‍. രണ്ടാം സ്ഥാനത്ത് ഇന്‍സ്റ്റാഗ്രാം (605) ആണ്. 181 കേസുകളുമായി ടിക് ടോക്ക് മൂന്നാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നാലെ ഫേസ്ബുക്ക് (163), എക്സ് (65) എന്നിവ വരുന്നു.
സമൂഹമാധ്യമ ദുരുപയോഗത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം ഡയരക്ടറേറ്റും സ്വീകരിക്കുന്ന നടപടികള്‍ക്ക് നിയമ വിദഗ്ദ്ധരും അഭിഭാഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
