
കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്.
അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് നേപ്പാൾ സർക്കാർ. പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. അതിനിടെ, പാർലമെൻ്റ് മന്ദിരത്തിലെക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്. നിലവിൽ കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.
