
മനാമ: 2024ൽ 9,500 മണിക്കൂറിലധികം സന്നദ്ധപ്രവർത്തനം പൂർത്തിയാക്കിയ സന്നദ്ധപ്രവർത്തകരെ അന്താരാഷ്ട്ര വോളണ്ടിയർ ദിനത്തോടനുബന്ധിച്ച്ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റി ആദരിച്ചു.
ചടങ്ങിൽ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സഹർ റാഷിദ് അൽ മന്നായ് പങ്കെടുത്തു. ജനാബിയയിലെ അൽ അയം പ്രസ് ഫൗണ്ടേഷനിൽ നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥരും സാമൂഹിക സംഘടനാ പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു.
ഔദാര്യം, ഐക്യദാർഢ്യം, മാനുഷിക മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമെന്ന നിലയിൽ അന്താരാഷ്ട്ര വളണ്ടിയർ ദിനം ആഘോഷിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ മന്നായ് പറഞ്ഞു.

സന്നദ്ധസേവകരുടെ അസാധാരണമായ പരിശ്രമങ്ങളെ അവർ അഭിനന്ദിച്ചു.
വിഷൻ 2030ന് അനുസൃതമായി സാമൂഹ്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ബഹ്റൈൻ്റെ വികസനം മെച്ചപ്പെടുത്തുകയും ചെയ്ത സൊസൈറ്റിയുടെ 12 വർഷത്തെ നേട്ടങ്ങളെ പാർലമെൻ്റ് അംഗവും ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റിയുടെ ഓണററി പ്രസിഡൻ്റുമായ ഹസൻ ഈദ് ബു ഖമ്മാസ് അഭിനന്ദിച്ചു.

ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റി ചെയർമാൻ അബ്ദുൽ അസീസ് റാഷിദ് അൽ സനദി സൊസൈറ്റിയുടെ പ്രധാന പദ്ധതികൾ അവലോകനം ചെയ്തു.
ബഹ്റൈൻ വോളണ്ടറി വർക്ക് സൊസൈറ്റിയുടെ സന്നദ്ധ പ്രവർത്തനങ്ങളിലെ പ്രവർത്തകർക്കുള്ള അംഗീകാരത്തെ ബഹ്റൈൻ ഫിലാന്ത്രോപിക് സൊസൈറ്റി സെക്രട്ടറി ജനറൽ ഡോ. ഹസൻ ഇബ്രാഹിം കമാൽ അഭിനന്ദിച്ചു.

സന്നദ്ധ പ്രവർത്തനത്തിൻ്റെ മൂല്യങ്ങൾ പ്രകീർത്തിക്കുന്ന സാംസ്കാരിക- കലാപരിപാടികൾ, സമൂഹത്തിൻ്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഡോക്യുമെൻ്ററി, സന്നദ്ധ പ്രവർത്തനത്തിനുള്ള സംഭാവനകൾക്കുള്ള സന്നദ്ധപ്രവർത്തകരെയും അവാർഡ് ജേതാക്കളെയും ആദരിക്കൽ എന്നിവയും ഉണ്ടായിരുന്നു.
