
കൊച്ചി ∙ ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുന്ന ജോലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യ രംഗം നശിപ്പിക്കപ്പെട്ടുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി എറണാകുളം (സിറ്റി) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എസ്.ഷൈജുവിനെ അനുമോദിച്ചു നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
‘‘കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ മുൻ നിർത്തി പിണറായി വിജയനും സംഘവും നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യരംഗം പാടെ നശിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്നില്ല, കിടക്കാൻ ബെഡില്ല, ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ല, പരിശോധന ഉപകരണങ്ങൾ ഇല്ല. ഏറ്റവും ദുഃസ്ഥിതിയിലാണ് പാവപ്പെട്ട രോഗികൾ. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനോ കേരളത്തിന് ആവശ്യമായ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനോ സംസ്ഥാന സർക്കാർ താൽപര്യമെടുക്കുന്നില്ല.’’ – ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
