
മനാമ: ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭ (എസ്.എം.ഇ) വികസന കൗണ്‍സില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ദേശീയ സര്‍വേ ആരംഭിച്ചു.
സാമ്പത്തിക മേഖലകളിലുടനീളമുള്ള അവസരങ്ങളും വെല്ലുവിളികളും വിലയിരുത്താനും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്ന ദേശീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും ഈ സര്‍വേ ലക്ഷ്യമിടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെയും എസ്.എം.ഇകളുടെയും മുന്‍നിര കേന്ദ്രമായി ബഹ്റൈനെ മാറ്റാനാണ് കൗണ്‍സില്‍ ശ്രമിക്കുന്നതെന്ന് വ്യവസായ- വാണിജ്യ മന്ത്രിയും എസ്.എം.ഇ. വികസന കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു.
ബഹ്റൈന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഈ സംരംഭങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ദേശീയ തൊഴിലാളികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
നിലവില്‍, ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഏകദേശം 93% ചെറുകിട- ഇടത്തരം സംരംഭങ്ങളാണ്.
