
കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ച ദേശീയപാത 66 നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ സമയ പരിധി പുതുക്കി ഉപരിതല ഗതാഗത മന്ത്രാലയം. പുതുക്കിയ സമയക്രമങ്ങള്‍ പ്രകാരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആറുവരി പാത നിര്‍മാണം മിക്ക റീച്ചുകളിലും പൂര്‍ത്തിയാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ മിക്ക ജോലികളും പൂര്‍ത്തിയാകൂ എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഭൗതിക സാഹചര്യങ്ങളും, കാലതാമസവും അവലോകനം ചെയ്ത ശേഷമാണ് പുതുക്കിയ പൂര്‍ത്തീകരണ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണ നിലവാരം, പൊതു സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ പരിശോധനയ്ക്ക് വര്‍ധിപ്പിച്ചതും കാലതാമസത്തിന് കാരണമായിട്ടുണ്ട്.
കേരളത്തിലെ ദേശീയ പാത 66 ന്റെ 16 റീച്ചുകളിലായി 422.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം ലോക്സഭയില്‍ രേഖാമൂലം നല്കുന്ന മറുപടി. കേരളത്തിലെ ദേശീയ പാതയിലെ ദുര്‍ബലമായ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, ഇപ്പോള്‍ പുരോഗമിക്കുന്ന ജോലികള്‍ക്കൊപ്പം പരിഹാര നടപടികളും സ്വീകരിച്ചുവരികയാണെന്നും എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ ആദ്യം, കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ മൈലക്കാടിനടുത്ത് ഹൈവേയുടെ ഒരു ഭാഗവും സര്‍വീസ് റോഡും ഇടിഞ്ഞു. മെയ് 19 ന് മലപ്പുറം ജില്ലയിലെ കൂരിയാടും റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും എതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദുര്‍ബലമായ സ്ഥലങ്ങളില്‍ സാങ്കേതിക, സുരക്ഷാ ഓഡിറ്റുകള്‍ നടത്തി വരികയാണ് എന്നും മന്ത്രാലയം അറിയിച്ചു.

പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, വടക്കന്‍, മധ്യ കേരളത്തിലെ ചില പാതകള്‍ 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട്, മധ്യ കേരളത്തിലെ ചിലഭാഗങ്ങളിലെ റീച്ചുകള്‍ക്ക് 2026 ഓഗസ്റ്റ് വരെ സമയപരിധിയുണ്ട്. കുറഞ്ഞ പുരോഗതി കാണിക്കുന്ന റീച്ചുകളില്‍ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. വീഴ്ചകള്‍ പരിശോധിക്കാന്‍ സൂക്ഷ്മ നിരീക്ഷണ സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ദേശീയ പാതാ അതോറിറ്റി പറയുന്നു.
മണ്ണിന്റെ ദുര്‍ബലമായ ഘടനയും കായല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമാണ് പല റീച്ചുകളിലും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. പുതുക്കിയ സമയപരിധികള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ 2026 മധ്യത്തോടെ കേരളം ആറ്-വരിപ്പാത കണക്റ്റിവിറ്റിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.


