
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ആറു വ്യക്തികളെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിലെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവര്‍ ഇറാനിയന്‍ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും അതിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ ഭയം പ്രചരിപ്പിക്കാനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകാനും സാധ്യതയുള്ള ഈ ക്ലിപ്പുകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു.
നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിയമനടപടികള്‍ നേരിടുന്നത് ഒഴിവാക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും വിശ്വസനീയമല്ലാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.


