
മുംബൈ: ബോളിവുഡിന്റെ മിസ്റ്റര്‍ ‘പെർഫെക്ഷനിസ്റ്റ്’ ആമിർ ഖാൻ നായകനും നിര്‍മ്മാതാവുമായ ‘സിതാരേ സമീൻ പർ’ ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ജൂൺ 20-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, 11 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 11-ാം ദിനമായ ജൂൺ 30 തിങ്കളാഴ്ച ചിത്രത്തിന്റെ വരുമാനത്തിൽ 75% ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഈ നേട്ടം ആമിർ ഖാന്റെ തിരിച്ചുവരവിന്റെ ശക്തി വ്യക്തമാക്കുന്നു.
‘സിതാരേ സമീൻ പർ’, ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 2007-ൽ പുറത്തിറങ്ങിയ ആമിറിന്റെ തന്നെ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ ആത്മീയ പിൻഗാമിയാണ് ചിത്രം എന്നാണ് ചിത്രത്തെ ആമിര്‍ തന്നെ വിശേഷിപ്പിച്ചത്. 2018-ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ‘ചാമ്പ്യന്‍സിന്റെ’ ഔദ്യോഗിക റീമേക്ക് കൂടിയാണ് ഈ സിനിമ.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, പതിനൊന്ന് ദിവസത്തെ തിയേറ്റർ റണ്ണിൽ ചിത്രം ഇന്ത്യയിൽ 126.4 കോടി രൂപ നെറ്റ് വരുമാനം നേടി. ആഗോളതലത്തിൽ 200 കോടി രൂപ കടന്ന ഈ ചിത്രം, ആമിർ ഖാന്റെ കരിയറിലെ ഏഴാമത്തെ 100 കോടി ക്ലബ്ബ് ചിത്രമായി മാറി.
ജൂൺ 20-ന് 10.7 കോടി രൂപയോടെ തുടക്കം കുറിച്ച ചിത്രം, രണ്ടാം ദിനം 104.96% വളർച്ച നേടി 21.7 കോടി രൂപയും, മൂന്നാം ദിനം 29.22 കോടി രൂപയും സ്വന്തമാക്കി. എന്നാൽ, 11-ാം ദിനത്തിൽ വരുമാനം 3.75 കോടി രൂപയായി കുറഞ്ഞു ഇത് മുന്‍ദിവസത്തെ അപേക്ഷിച്ച് 74.14% ഇടിവാണ് കളക്ഷനില്‍ ഉണ്ടാക്കിയത്.
ജനീലിയ ഡിസൂസ, ആറോഷ് ദത്ത, ഗോപി കൃഷ്ണൻ വർമ്മ, വേദാന്ത് ശർമ്മ, നാമൻ മിശ്ര, റിഷി ഷഹാനി, റിഷഭ് ജെയിൻ, ആശിഷ് പെൻഡ്സെ, സംവിത് ദേശായ്, സിമ്രൻ മംഗേഷ്കർ, ആയുഷ് ഭൻസാലി, ഡോളി അലുവാലിയ, ഗുർപാൽ സിംഗ്, ബൃജേന്ദ്ര കല, അങ്കിത സെഹ്ഗാൾ എന്നിവർ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
