
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്മാര്‍ട്ട് ക്രിയേഷന് ഉടമ പങ്കജ് ഭണ്ഡാരിയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്ന് എസ്ഐടി. പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ധനും തമ്മില്‍ 15 വര്‍ഷത്തിലധികമായി ബിസിനസ് ബന്ധമുണ്ട്. ഇവര്‍ മൂന്നുപേരും ഒറ്റസംഘമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലെ സ്പോണ്സര് ആകുന്നതിനും ഏതാണ്ട് പത്തു വര്‍ഷം മുന്നേ തന്നെ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ എസ്ഐടിക്ക് ലഭിച്ചതായാണ് സൂചന.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ 2009 മുതല്‍ തന്നെ മൂവരും നടത്തി വന്നുവെന്ന സംശയങ്ങളും അന്വേഷണ സംഘത്തിനുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണന് പോറ്റി വെളിപ്പെടുത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണം ഉരുക്കിയത് എന്ന പേരില്‍ കണ്ടെടുത്ത സ്വര്‍ണക്കട്ടികള്‍, ഉരുക്കിയെടുത്തതാണോ, അതോ അന്വേഷണത്തിന്റെ ദിശമാറ്റി മോഷണക്കേസ് മാത്രമാക്കാന്‍ വേണ്ടി തയ്യാറാക്കിയ തന്ത്രമാണോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. 470 ഗ്രാം സ്വര്‍ണം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണ് കണ്ടെടുത്തത്.
അതിനിടെ, സ്വര്‍ണപ്പാളിയില്‍ 9,99,995 രൂപ അഞ്ചു ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായി ദേവസ്വം ബോര്‍ഡിന് നല്‍കിയെന്ന് ജ്വല്ലറി ഉടമ ഗോവര്ധന് പറയുന്നു. അന്നദാന ട്രസ്റ്റിനാണ് പണം നല്‍കിയത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ ബാക്കി വന്ന 474 ഗ്രാം സ്വര്‍ണത്തിന് പകരമായി ഈ തുക കൈമാറിയെന്നാണ് വാദം. കൂടാതെ സ്വര്‍ണമാലയും ശബരിമലയിലേക്കായി ദേവസ്വത്തിന് കൈമാറിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്ഐടി സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും പിടിച്ചെടുത്തതെന്നും ഗോവര്ധന് ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നു.
2009 മുതല്‍ വിവിധ വഴിപാടുകളിലായി ശബരിമലയിലേക്ക് ഏകദേശം 80 ലക്ഷം രൂപ താന്‍ നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്ക് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ നല്‍കിയിരുന്നുവെന്നും ഗോവര്ധന് പറയുന്നു. സ്വര്‍ണക്കവര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും, കേസില്‍ താന്‍ നിരപരാധിയാണെന്നും ഗോവര്ധന് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ ഉണ്ണികൃഷ്ണന് പോറ്റിയെപ്പോലെ തന്നെ തുല്യ പങ്കാളിത്തം പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ഉണ്ട് എന്നാണ് എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.


