ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 11 ജില്ലകളിലുണ്ടായിരുന്ന സ്പെഷ്യൽ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും അടച്ചു. ഈ ഓഫീസുകൾ പുനർവിന്യസിക്കാൻ സർക്കാർ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിന്റെയും കിഫ്ബിയുടെയും പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ പുനർവിന്യസിച്ച ഓഫീസുകളെ ചുമതലപ്പെടുത്തി. സിൽവർ ലൈൻ സ്ഥലമെടുപ്പ് ഓഫീസുകളിലെ 205 തസ്തികകളും പുതിയ ഓഫീസുകളിലേക്ക് മാറ്റി.
റവന്യൂ വകുപ്പിലെ 205 തസ്തികകൾ കേരള റെയിൽ ഡെവലപ്മെന്റ് കോര്‍പ്പറേഷനിലേക്ക് (കെ-റെയിൽ) മാറ്റിക്കൊണ്ട് 2021 ഓഗസ്റ്റ് 18 നാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ വർഷം ഓഗസ്റ്റ് 18 വരെ തസ്തികകൾ തുടരാൻ അനുവാദമുണ്ട്. എന്നാൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പുനർവിന്യാസത്തിനായി കഴിഞ്ഞ നവംബറിൽ സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകുകയായിരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിനായി സ്ഥലമെടുപ്പ് യൂണിറ്റുകളാക്കി മാറ്റി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബി ലാൻഡ് ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി മാറ്റി.