തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പരസ്യപ്പെടുത്താതെ നിയമസഭയില്‍ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ വീണ്ടും സ്പീക്കര്‍ക്ക് കത്തു നല്‍കും. പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ചുള്ള വ്യക്തമായ രേഖകള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
2021 ജനുവരി 27ന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയോടൊപ്പം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ ലഭ്യമാക്കാത്തത് ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് നേരത്തെ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടലിന്റെ ഫലമായി ഡിപിആര്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, ആ രേഖകളിലും സുപ്രധാനമായ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അന്‍വര്‍ സാദത്ത് വീണ്ടും സ്പീക്കര്‍ക്ക് കത്തുനല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ 115 മുതല്‍ 530 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ്ങ്, പലസ്റ്റേഷനുകളെ സംബന്ധിച്ച് പൂര്‍ണ്ണമായ ഡാറ്റ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ സുപ്രധാന ഘടകമായ സാങ്കേതിക -സാമ്പത്തിക സാധ്യതകള്‍ സംബന്ധിച്ചുള്ള വ്യക്തമായ രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും സ്പീക്കര്‍ക്ക് കത്തു നല്‍കുന്നതെന്ന് എംഎല്‍എ അറിയിച്ചു.
