ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിൻറെ സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങളെല്ലാം അതീവ ജാഗ്രതയിലാണുള്ളത്. ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയതിനു പിറകെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്.
ആരോഗ്യവിദഗ്ധര്‍ പറയുന്ന ഒമിക്രോണിന്റെ അഞ്ച് ലക്ഷണങ്ങള്‍ അറിയാം.
- ഒമിക്രോണ്‍ ബാധിച്ചവരില്‍ ശക്തമായ ക്ഷീണമുണ്ടാകും. പ്രായവ്യത്യാസമില്ല, യുവാക്കള്‍ക്കും നല്ല രീതിയില്‍ ക്ഷീണമുണ്ടാകും.
- പുതിയ വകഭേദം ബാധിച്ചവരില്‍ കാര്യമായ ശ്വസനപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ വൈറസ് ബാധിതരില്‍ വലിയ തോതിലുള്ള ശ്വാസപ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
- ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭക്ഷണത്തിന്റെ രുചിയും മണവും നഷ്ടപ്പെടുന്നതായ ലക്ഷണം കാണുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡിന്റെ തുടക്കം മുതലുള്ള പ്രധാന ലക്ഷണങ്ങളിലൊന്നായിരുന്നു ഇത്.
- സാധാരണ കൊവിഡ് രോഗിയെപ്പോലെ തൊണ്ടവേദനയും തൊണ്ടയിലെ അസ്വസ്ഥതകളും പുതിയ വകഭേദത്തിലും കാണപ്പെടുന്നുണ്ട്.
- ഒമിക്രോണ്‍ ബാധിച്ചവരില്‍ വൈറസ് ബാധ അധികം നീണ്ടുനില്‍ക്കില്ല. പുതിയ വകഭേദം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും ആശുപത്രിവാസമില്ലാതെത്തന്നെ രോഗമുക്തരായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു