തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാനും നടന് നെടുമുടിവേണുവും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. കോവിഡ് കാലഘട്ടത്തില്‍ പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുന്ന മഴമിഴി പദ്ധതി തുടരുമെന്നും ഇത്തരത്തില്‍ സിനിമാ സാംസ്കാരിക രംഗങ്ങളിലെ മുഴുവന്‍ പ്രമുഖരേയും സഹകരിപ്പിച്ചുകൊണ്ടുള്ള കൂടുതല്‍ പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
കാലംകെട്ട കാലത്ത് കലാകാരന്മാര് എങ്ങിനെ ജീവിക്കുന്നു എന്ന കാര്യം ആലോചിക്കാന്‍ പോലും ഭയമാണ്. ഈ സാഹചര്യത്തില്‍ കലാകാരന്മാര്ക്കു കൊടുക്കുന്ന ചെറിയ സഹായത്തിനു പോലും വലിയ മൂല്യമുണ്ടെന്ന് നെടുമുടി വേണു പറഞ്ഞു. പാരമ്പര്യ കലാരൂപങ്ങള്‍ അവയുടെ തനത് രീതിയിലും സാഹചര്യത്തിലും അവതരിപ്പിച്ച് ഷൂട്ട് ചെയ്ത് ആര്‍ക്കൈവ് ചെയ്യുക എന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള സംരംഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക് ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് ആണ് മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ഒരുക്കുന്നത്. സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു.സി.പുളിക്കല്‍, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ജനറല്‍ കണ്‍വീനറുമായ പ്രമോദ് പയ്യന്നൂര്‍, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ജീവകാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതല്‍ കേരള പിറവി ദിനമായ നവംബര്‍ 1 വരെ 65 ദിവസം നീണ്ട് നില്ക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 300 ഓളം കലാ സംഘങ്ങള്‍ക്കാണ് മഴമിഴിയുടെ ആദ്യ ഘട്ടത്തില്‍ അവസരം ഒരുക്കുന്നത്. വിവിധ അക്കാദമികളുടെ മേല്‍നോട്ടത്തിലുള്ള ജൂറി പാനല്‍ ആണ് കലാ സംഘങ്ങളെ തിരഞ്ഞെടുത്തത്. samskarikam.org എന്ന വെബ് പേജിലൂടെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി 7 മുതല്‍ 9 വരെയാണ് വെബ്കാസ്റ്റിംഗ് നടക്കുക.