കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണം. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കും. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു.
18 ദിവസം വൈകിയാണു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം. ഹർജി 9ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് രേഖകൾ കൈമാറാൻ വൈകിയത്? ആരാണ് ഉത്തരവാദി? ഔദ്യോഗികമായി രേഖകൾ കൈമാറുന്നതിന് എന്തിനാണ് താമസം വന്നത് എന്നും കോടതി ആരാഞ്ഞു. രേഖകൾ സമർപ്പിക്കാൻ 18 ദിവസമെടുത്തു എന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.