
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊലചെയ്യപ്പെട്ട ഷിബില നേരത്തെ നല്കിയ പരാതി അവഗണിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഭര്‍ത്താവ് യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്.ഐ. കെ.കെ. നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഷിബിലയുടെ കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം 28നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി ഷിബില താമരശേരി പോലീസിന് നല്‍കിയത്. ലഹരിക്കടിമയായ യാസിര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതു യാസിറിന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അന്ന് രാത്രി ഇരുകുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുക മാത്രമാണ് പോലീസ് ചെയ്തത്.
ഷിബിലയുടെ പരാതി സ്റ്റേഷന് പി.ആര്.ഒ. കൂടിയായ നൗഷാദ് ഗൗരവത്തോടെ കൈകാര്യം ചെയ്യുകയോ മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥികാന്വേഷണത്തിലെ കണ്ടെത്തല്‍. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് താമരശേരി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
