കൊച്ചി: മഴ വീണ്ടും ശക്തമായതോടെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുകയും അധികജലം ഒഴുക്കിവിടാൻ നടപടി ആരംഭിക്കുകയും ചെയ്തു. ചട്ടപ്രകാരം ഇടമലയാർ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ വൈകുന്നേരം 50 സെന്റീമീറ്റർ വീതം ഉയർത്തി. 65.35 ക്യുമെക്സ് വെള്ളമാണ് തുറന്നുവിടുന്നത്. ജലനിരപ്പ് 164.08 മീറ്ററിലെത്തിയപ്പോഴാണ് ഇന്നലെ വൈകുന്നേരത്തോടെ തുറന്നത്. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421.50 മീറ്ററിലെത്തിയതിനാൽ രണ്ട് ഷട്ടറുകൾ കൂടി തുറക്കും. നിലവിൽ തുറന്നിരിക്കുന്ന ഷട്ടറിന് പുറമേയാണിത്. ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ പറഞ്ഞു.
പെരിയാറിലെ ജലനിരപ്പ് ഇന്നലെ രാവിലെ സമുദ്രനിരപ്പിൽ നിന്ന് 1.9 മീറ്റർ ഉയർന്നു. വൈകുന്നേരത്തോടെ ഇത് 1.2 മീറ്ററായി കുറഞ്ഞു. രാവിലെ ആലുവ മണപ്പുറത്ത് വെള്ളം കയറിയതിനെ തുടർന്ന് വാഹന പാർക്കിംഗ് ഏരിയയിൽ ബലിതർപ്പണം നടത്തി. ഞായറാഴ്ച രാത്രി പൂയംകുട്ടി, കുട്ടമ്പുഴ പുഴകളിലെ ജലനിരപ്പ് ഉയർന്ന് വനമേഖലയിൽ വെള്ളം കയറി.