
മനാമ: ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതി ബില്‍ ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി.
ഇരു സഭകളും തള്ളിയതിനെ തുടര്‍ന്ന് നിര്‍ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്കയച്ചു. 2010ലെ സിവില്‍ സര്‍വീസ് നിയമ(48)ത്തിലെ 11ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. ബഹ്റൈനികളല്ലാത്തവരെ എപ്പോള്‍ നിയമിക്കാം, അനുയോജ്യമായ ബഹ്റൈനി ഉദ്യോഗാര്‍ത്ഥി ഇല്ലെങ്കില്‍ ഏതെല്ലാം നിബന്ധനകള്‍ക്ക് വിധേയമായായിരിക്കണം നിയമനം തുടങ്ങിയ വ്യവസ്ഥകളാണ് ഇതിലുള്ളത്.
ബഹ്റൈനികളല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുണ്ടായിരിക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ബഹ്റൈനികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്.


