കൊച്ചി: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. മാർച്ച് ഒന്നിന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് നൽകിയത്. ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പൊലീസാണ് കോടതിയെ സമീപിച്ചത്.
ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ വഴി ഇന്നലെയാണ് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അർദ്ധരാത്രിയിൽ കണ്ണൂർ തെരൂരിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.