മുംബൈ: പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പിൻമാറി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടി ആയത്. ശ്രേയസിന് പകരം രജത് പടിദാറാണ് ടീമിലെത്തിയത്. പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.
കൂടുതൽ ടെസ്റ്റുകൾക്കും മറ്റുമായി ശ്രേയസ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 18, 21, 24 തീയതികളിലാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര.
രഞ്ജി ട്രോഫി സീസണിൽ മധ്യപ്രദേശിനായി മികച്ച ഫോമിലാണ് രജത് പടിദാർ. എട്ട് ഇന്നിങ്സുകളിൽ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടെ 438 റൺസാണ് താരം ഇതുവരെ നേടിയത്.