‘കിങ് ഓഫ് കൊത്ത’യുലെ പ്രകടനത്തിന് തന്നെ തേടിവരുന്ന അഭിനന്ദനങ്ങൾ സന്തോഷമറിയിച്ച് നടി നൈല ഉഷ. ഒരുപാടുപേർ മെസേജ് അയക്കുന്നുണ്ടെന്നും ഒരു വലിയ സിനിമയിൽ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിന്റെ ഭാഗ്യമാണതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വിഡിയോയിൽ നൈല പറഞ്ഞു. സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്നെക്കുറിച്ചും താരം പ്രതികരിച്ചിട്ടുണ്ട്. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ചില താരങ്ങൾക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും നൈല പറഞ്ഞു.
‘‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നു തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. നിങ്ങൾക്ക് ചിലപ്പോൾ ഒരു സിനിമ ഇഷ്ടപ്പെടും ചിലപ്പോൾ ഇഷ്ടപ്പെടാതിരിക്കും, എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ലല്ലോ.
ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എനിക്കുതോന്നനുന്നില്ല ഒരു സിനിമയെ അതിന്റേതായ രീതിയിൽ കണ്ടാസ്വദിക്കാൻ എല്ലാവർക്കും അവസരം കൊടുക്ക്. എല്ലാവരും തിയറ്ററിൽ പോയി സിനിമ കാണട്ടെ. അവരുടെ ഇഷ്ടനടൻ ഒരു രണ്ട് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തുവല്ലേ. അവര് കണ്ടിട്ട് തീരുമാനിക്കട്ടെ സിനിമ ഇഷ്ടമായോ എന്ന്. ഇവര് വലിയ ആളുകളാണ് എലീറ്റ് ആൾക്കാരുടെ മക്കളാണ് എന്നൊക്കെപ്പറഞ്ഞ് വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ്. വലിയ ആളുകളുടെ മക്കൾ ആണെന്ന് കരുതി അവർക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ. അല്ലാതെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവർ വലിയ ആളുകളുടെ മക്കൾ ആണെന്ന് ഒക്കെ കരുതി അവർക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ”, നൈല പറഞ്ഞു.
തനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിങ് ഓഫ് കൊത്തയെന്നും നൈല പറഞ്ഞു. “ഞാൻ അഭിനയിച്ചതുകൊണ്ടുമാത്രം പറയുന്നതല്ല കേട്ടോ. ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാൻ അല്ല ഞാൻ, പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്”, നൈല ഉഷ പറഞ്ഞു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ദുൽഖർ സൽമാൻ നായകനാകുന്ന ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തിരിക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ചെമ്പൻ വിനോദ്, ഷബീർ കല്ലറക്കൽ, ഷമ്മി തിലകൻ, നൈല ഉഷ, ശാന്തി കൃഷ്ണ, ഗോകുൽ സുരേഷ്, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.