കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലൻ അറസ്റ്റിൽ. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിനാണ് കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അലനെ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തുവരികയാണ്. അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന.
ഇന്നലെ വൈകിട്ട് 7.45നാണ് കൊലപാതകം നടന്നത്. ബിനോയിയുടെ കടയില്‍ എത്തിയ അലന് ഏറെ നേരം തർക്കിച്ചിരുന്നു. തുടർന്ന് പാന്റിനുള്ളില്‍ ഒളിപ്പിച്ച കത്തിഉപയോഗിച്ച് അലന് ബിനോയിയെ ആക്രമിക്കുകയായിരുന്നു. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയാണ് അലൻ. കൊലപാതകത്തിനു ശേഷം വീടിനടുത്തു തന്നെയുള്ള പൂട്ടിക്കിടന്ന വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
ഇന്നലെ കടയിലെത്തിയ അലൻ ചികിത്സയെക്കുറിച്ചു പറഞ്ഞ് ബിനോയിയോട് തർക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലൻ പറയുന്നുണ്ട്. എന്നാൽ ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താൻ നോക്കിയതാണോ തെറ്റ് എന്ന രീതിയിൽ ബിനോയിയും സംസാരിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുൻപാണ് അലനെ ബിനോയിയും ഭാര്യയും ചേർന്ന് ലഹരി മരുന്ന് കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിപ്പിക്കുന്നത്. സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ബിനോയിക്ക് നേരെ പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. തന്നെ കൊല്ലുമെന്ന് പറഞ്ഞ് അലൻ നടപ്പുണ്ടെന്ന് ബിനോയി സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു.