മോസ്കോ: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ തോക്കുധാരികളായ ആക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയ്ക്കായി ഉക്രൈനിൽ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി, സൈനിക പരിശീലനത്തില്‍ ഏർപ്പെട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ്പ്.
തെക്കുപടിഞ്ഞാറൻ ബെല്‍ഗൊരോദ് മേഖലയിൽ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമികളെ വെടിവച്ചുകൊന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയവർ ഒരു മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തിലെ പൗരന്മാരാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങൾക്ക് നേരെ ഉണ്ടായത് ഭീകരാക്രമണമാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.