
ജയ്പുർ: ബിഹാര്‍ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേൽക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. ബിജെപി എംഎല്‍എ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആന്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് ലീഡ്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോൾ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് ജെയിന് ഉള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ് എന്നുള്ളതാണ് ശ്രദ്ധേയം. ബിജെപിയുടെ മോർപാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത് നിൽക്കുന്നത്.
രാജസ്ഥാൻ നിയമസഭയിലെ അംഗമായിരുന്ന ബിജെപി എംഎൽഎ കൻവർ ലാൽ മീണയെ അയോഗ്യനാക്കുകയായിരുന്നു. 2005-ലെ സർപഞ്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ഈ അയോഗ്യതയ്ക്ക് കാരണമായത്. അന്നത്തെ സബ് ഡിവിഷണൽ ഓഫീസറെ പിസ്റ്റൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു മീണക്കെതിരായ ആരോപണം. ഈ കേസിൽ കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളിയതിനെ തുടർന്നാണ് മീണ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ജൂബിലി ഹിൽസിലും കോൺഗ്രസ്
ബിഹാറിലെ തിരിച്ചടികൾക്കിടയിൽ കോൺഗ്രസിന് ആശ്വസിക്കാൻ തെലങ്കാനയിൽ നിന്ന് ശുഭവാർത്ത. മൂന്ന് റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കോൺഗ്രസ് പാർട്ടിയുടെ നവീൻ യാദവാണ് മുന്നിൽ നിൽക്കുന്നത്. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ 58 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആർഎസ് രംഗത്തിറക്കിയത്. 2025 ലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചച്ചിരുന്നത്. ബിജെപി വീണ്ടും ലങ്കാല ദീപക് റെഡ്ഡിയെ രംഗത്തിറക്കി.


