ചെന്നൈ: ഖുശ്ബുവിന് പിന്നാലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ മകന് രാംകുമാറും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബാംഗം തന്നെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ഞെട്ടലിലാണ് നേതൃത്വം. ശിവാജിയുടെ ആത്മാവ് മകനോട് ക്ഷമിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.
തമിഴ് സൂപ്പര്‍സ്റ്റാറും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്നു ശിവാജി ഗണേശൻ. അദ്ദേഹത്തിന്റെ മകന് തന്നെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു ശിവാജി ഗണേശന്റേത്. തമിഴക മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ചപ്പോഴും ശിവാജി ഗണേശനും മകന് പ്രഭുവുമെല്ലാം കോണ്‍ഗ്രസ് നയങ്ങള്ക്കൊപ്പമായിരുന്നു.
താൻ ബിജെപിയില്‍ ചേർന്നതിൽ ശിവാജി ഗണേശന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നാണ് രാംകുമാർ പ്രതികരിച്ചത്. കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തി അറിയിച്ചുകൊണ്ടു കൂടിയാണ് രാംകുമാറിന്റെയും കുടുംബത്തിന്റെയും തീരുമാനം. ശിവാജിയുടെ കൊച്ചുമകന് ദുഷ്യന്തും ബിജെപി അംഗത്വം എടുത്തു. തമിഴകത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ കൂടുതല്‍ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള കരുനീക്കങ്ങളിലാണ് ബിജെപി.