തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് പിണറായി വിജയൻ നന്ദി അറിയിച്ചത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു. അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍ പറഞ്ഞു.
72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്ന് മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജനെ കാണാതായ വാർത്ത ലോകമറിഞ്ഞത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
അതേസമയം, ഷിരൂര്‍ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമർശനങ്ങള്‍ വന്നിരുന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നാണ് അർജുന് വേണ്ടി കർണാടക സർക്കാർ നടത്തിയതെന്നും കെ സി വേണുഗോപാൽ അഭിനന്ദിച്ചു. 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടത്. കർണ്ണാടക സർക്കാറിൻ്റെ നിശ്ചയ ദാർഢ്യമാണ് വിജയത്തിലെത്തിച്ചത്. കർണാടക സർക്കാർ കാണിച്ചത് മികച്ച മാതൃകയെന്ന് എം കെ രാഘവൻ എംപിയും പ്രശംസിച്ചു. തെരച്ചിലിൻ്റെ മുഴുവൻ ചെലവും വഹിച്ചത് കർണാടക സർക്കാരാണ്. കേരളത്തിൻ്റെ നന്ദി അറിയിക്കുന്നുവെന്ന് എം കെ രാഘവൻ എംപി പ്രതികരിച്ചു.