
കോഴിക്കോട്: കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ട് ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാൽവേജ് സംഘം ഹെലികോപ്റ്ററിൽ തീപിടിച്ച കപ്പലിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്.
സംഭവത്തിൽ കോസ്റ്റ് ഗാർഡും ഷിപ്പിംഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരിഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
