
കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പൊലീസിൽ പരാതി നൽകി. ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം പരാതിയെന്ന് അനുമാനിക്കാം. ഇന്നലെ രാത്രിയാണ് പയ്യന്നൂർ പൊലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്, അന്നേ ദിവസം വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറുന്നു. പയ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചു എന്നും അത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നുമാണ്. അതേ സമയം പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല.
ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിക്കപ്പെട്ടതില് മനംനൊന്താണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നും സ്വകാര്യ ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയതെന്നും അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ഏഴു വീഡിയോകള്‍ ഷിംജിത ബസില്‍ വെച്ച് ചിത്രീകരിച്ചെന്നും വിവരിക്കുന്നത്.
അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയും പഞ്ചായത്ത് മുന്‍ അംഗവുമായ യുവതിക്ക് നിയമത്തെക്കുറിച്ച് അവബോധമുണ്ടായിട്ടും സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ കൂട്ടാക്കാതെ വിഡിയോ പ്രചരിപ്പിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേരി സബ് ജയിലില്‍ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി മറ്റന്നാൾ പരിഗണിക്കും. വിശദമായി ചോദ്യം ചെയ്യാന്‍ ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. ഫോണ്‍ സൈബര്‍ ശാസ്ത്രീയ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.


