കാരയ്ക്കൽ: മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. മകളെക്കാൾ മികവ് പുലർത്തിയതിലെ വൈരാഗ്യമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചത്. പുതുച്ചേരി കാരയ്ക്കലിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥി ബാലമണികണ്ഠനാണ് മരിച്ചത്. സഹപാഠിയുടെ അമ്മ വിക്ടോറിയ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെയാണ് സംഭവം നടന്നത്. സ്കൂളിലെ പരിപാടിയുടെ റിഹേഴ്സലിൽ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് ബാലമണികണ്ഠൻ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടനെ ബാലമണികണ്ഠൻ ഛർദ്ദിച്ച് ബോധരഹിതനായി വീണു. പിന്നീട് മാതാപിതാക്കൾ കുട്ടിയെ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടി കുടിച്ച ശീതളപാനീയത്തിൽ വിഷം കലർന്നതായി ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി അന്വേഷണം നടത്തി. ഒരു കുട്ടിയുടെ അമ്മ ശീതളപാനീയം നൽകുന്നത് കണ്ടതായി സ്കൂൾ വാച്ച്മാൻ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ബാലമണികണ്ഠന്റെ കുടുംബം പൊലീസിനെ സമീപിച്ചത്.