ആലപ്പുഴ: ശശി തരൂരിന്റെ പ്രസ്താവനയെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂരിനെ പോലെ ഇറക്കുമതി ചെയ്ത ചരക്കിന് കേരളത്തിൽ വിലയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തരൂർ ബുദ്ധിമാനാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിൽ അവസാനിച്ചു. ഒരു സമുദായ നേതാവ് പറഞ്ഞാൽ വോട്ട് ചെയ്യാന്ന സമയമല്ല ഇത്. ജാതി പറഞ്ഞ് സംസാരിച്ചിട്ടും തരൂർ പ്രതികരിച്ചില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ശശി തരൂർ പിന്നാക്ക വിരുദ്ധനാണ്. പിന്നാക്ക വിഭാഗങ്ങളെ തള്ളിക്കൊണ്ട് തരൂരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്നാക്ക സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിച്ചപ്പോൾ പിന്നാക്ക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചത് തരൂരായിരുന്നു. ഇത് പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണ്. കോൺഗ്രസിന് എതിർക്കാൻ കഴിയാത്തത് കൊണ്ടാണ് എതിർക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.