ശ്രീനഗർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്ന ശശി തരൂർ ശത്രുവല്ലെന്ന് മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് വേണ്ടിയുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനാണ് താൻ തരൂരിനൊപ്പം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. ശ്രീനഗറിൽ പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇതൊരു ആഭ്യന്തര തിരഞ്ഞെടുപ്പാണ്. ഞങ്ങൾ വീട്ടിലെ രണ്ട് സഹോദരൻമാരെപ്പോലെയാണ്, അതുകൊണ്ട് തന്നെ പരസ്പരം പോരടിക്കില്ല. എന്നാൽ തങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ അറിയിക്കാൻ പരമാവധി ശ്രമിക്കും. ഞാൻ എന്ത് ചെയ്യുന്നു എന്നത് ചോദ്യമല്ല. രാജ്യത്തിനും പാർട്ടിക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. ഞാൻ അങ്ങനെ ചെയ്തുവെന്നും ഇങ്ങനെ ചെയ്തുവെന്നും അല്ലെങ്കിൽ മറ്റാരെങ്കിലും അങ്ങനെ ചെയ്തുവെന്നുമുള്ള സംസാരം നമുക്ക് ഒഴിവാക്കാം,” ഖാർഗെ പറഞ്ഞു.
“നിങ്ങൾക്കും (പാർട്ടി പ്രവർത്തകർക്കും) എനിക്കും ഒരുമിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയും, രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും എങ്ങനെ സംരക്ഷിക്കാൻ കഴിയും എന്നതാണ് ചോദ്യം. രാജ്യത്തെ നിലവിലെ സ്ഥിതി ഏറ്റവും മോശമാണ്. സമാധാനത്തോടും ഐക്യത്തോടും കൂടി നാം അതിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു.