കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് കെ സുധാകരന്റെ പ്രതികരണം.
നവോത്ഥാന തന്ത്രം നടപ്പിലാക്കാൻ കഴിവുള്ള ഒരു നേതൃത്വം കോൺഗ്രസിന് ആവശ്യമാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ഒരു കുടുംബം തന്നെ കോൺഗ്രസിനെ നയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് തരൂരിന്റെ നിലപാട്. പ്രസിഡന്റ് സ്ഥാനത്തെ ഒഴിവ് എത്രയും വേഗം നികത്തണമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമായി തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാതെയായിരുന്നു തരൂരിന്റെ പ്രതികരണം.
മൂന്നാഴ്ച കൂടി സമയമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അപ്പോഴേക്കും സ്പഷ്ടമായ ഉത്തരം നൽകാനാകും. നടപടിക്രമങ്ങൾ വരുന്നതല്ലേയുള്ളൂ. ഇപ്പോൾ തീരുമാനമായിട്ടില്ല. എന്തായാലും ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണെന്നും തരൂർ പറഞ്ഞു.